തരിശുനിലങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തേക്കും കൃഷി വ്യാപിപ്പിക്കും: മന്ത്രി ടി. സിദ്ദീഖ്

Jun 6, 2026 - 17:13
തരിശുനിലങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തേക്കും കൃഷി വ്യാപിപ്പിക്കും: മന്ത്രി ടി. സിദ്ദീഖ്

തരിശുനിലങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തേക്കും കൃഷി വ്യാപിപ്പിക്കും: മന്ത്രി ടി. സിദ്ദീഖ്

ഒരു വീട്ടില്‍ ഒരു ചെറിയ ഇടം മുതല്‍ മുറ്റം, മട്ടുപ്പാവ്, ചെറിയ പറമ്പ് മുതല്‍ വിശാലമായ സ്ഥലങ്ങളും തരിശുനിലങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തേക്കും കൃഷിയെ വ്യാപിപ്പിക്കാന്‍ ആവശ്യമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. മുണ്ടൂര്‍ താഴം-പേരാമംഗലം കറുക കോള്‍ പടവുകളില്‍ നടത്തിയ ഉഴുന്ന് കൃഷി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

പുതിയ തലമുറ കൃഷിയില്‍ നിന്ന് പുറകോട്ടു പോകുന്നത് തടയുന്നതിന് വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ബന്ധിപ്പിക്കുന്ന കതിര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടുകൂടി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കൃഷി ക്ലബ്ബുകള്‍ ആരംഭിക്കും. ഇതിന്റെ മേല്‍നോട്ടത്തിനായി നോഡല്‍ ടീച്ചറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്‍ഷിക വകുപ്പിന്റെ ഓഫീസും കര്‍ഷകരും എല്ലാം ചേര്‍ന്നതായുള്ള ഒരു കമ്മിറ്റി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഉഴുന്നിന്റെയും പയറുവര്‍ഗ്ഗത്തിന്റെയും കൃഷി വ്യാപകമായി നടത്തുന്നതിനായി മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളും ധനകാര്യ സ്ഥാപനങ്ങളും കര്‍ഷകരും കേന്ദ്ര-സംസ്ഥാന ഭരണകൂടവും എല്ലാവരും കൂടെ ഒന്നിച്ചു നിന്നാല്‍ ഒരു വലിയ വിപ്ലവം കൃഷിയുടെ കാര്യത്തില്‍ നമുക്ക് കേരളത്തിലുടനീളം വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൈപ്പറമ്പ് കൃഷിഭവന്‍, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്, മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ഇസാഫ് കോപ്പറേറ്റീവ് എന്നിവയുടെ സഹകരണത്തോടെയാണ് മുണ്ടൂര്‍ താഴം, പേരാമംഗലം കറുക കോള്‍ പടവുകളില്‍ ഉഴുന്ന് കൃഷി നടത്തിയത്. 

മുണ്ടൂര്‍ താഴം കോള്‍ പടവില്‍ നടന്ന പരിപാടിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍ വിശിഷ്ടാതിഥിയായി. ഇസാഫ് എം.ഡി പോള്‍ തോമസ് മുഖ്യസന്ദേശം നല്‍കി. ചടങ്ങില്‍ വിവിധ കര്‍ഷകരെ ആദരിച്ചു. കൃഷിയും കാലാവസ്ഥയും എന്ന വിഷയത്തില്‍ സെമിനാറും നടന്നു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യം, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0