തൃശൂർ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

May 30, 2026 - 22:53
തൃശൂർ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

തൃശൂർ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ജില്ലയിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. യോഗത്തിൽ പുതിയ എം.എൽ.എ മാരെ ജില്ലാ കളക്ടർ ആദരിച്ചു. 

ദേശീയപാത നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ - പൊന്നാനി റോഡിലെ വർധിച്ചുവരുന്ന അപകടങ്ങൾ യോഗം ചർച്ച ചെയ്തു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥികളുടെ റോഡ് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സ്കൂൾ അധികൃതരുടെയും പി.ടി.എ പ്രതിനിധികളുടെയും സഹായം ഉറപ്പാക്കി മുൻകരുതലുകൾ സ്വീകരിക്കും.

ജില്ലയിലെ വിവിധ സ്‌കൂളുകളുടെയും പാലങ്ങളുടെയും നിര്‍മാണം, വിവിധ റോഡുകളുടെ പ്രവൃത്തികൾ, ടൂറിസം പദ്ധതികള്‍, എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ട്, എം.പി.എൽ. എ.ഡി.എസ് ഫണ്ട് എന്നിവ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. 

വന്യമൃഗശല്യം തടയുന്നതിനുള്ള സോളാർ ഫെൻസിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും കൃത്യമായ വോൾട്ടേജ് ഉറപ്പാക്കാനും നിർദ്ദേശം നൽകി. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. എൻ. എച്ച് 66 നിർമാണം, മണ്ണുത്തി ദേശീയപാതയിലെ ചുവന്നമണ്ണ് പ്രദേശത്തെ റോഡ് നവീകരണം, തെരുവ് നായ ശല്യത്തിനും പേവിഷബാധയ്ക്കുമുള്ള പരിഹാരങ്ങൾ എന്നിവ സംബന്ധിച്ച് എം.എൽ.എമാർ യോഗത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ. രാജൻ, എന്‍.കെ. അക്ബര്‍, കെ.കെ. രാമചന്ദ്രന്‍, സേവ്യർ ചിറ്റിലപ്പിള്ളി, ഗീത ഗോപി, തോമസ് ഉണ്ണിയാടൻ, കെ.കെ. വത്സരാജ്, അഡീഷണൽ ജില്ലാ മജിസ്ടേറ്റ് ആർ. മനോജ്‌, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0