സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി

Feb 25, 2026 - 22:06
സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി

സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറില്‍ നിന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം പി.എം.ജി കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കളക്ടര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. 

ഭൂവിതരണത്തില്‍ വേഗത കൈവരിച്ചതും ജനസൗഹൃദ ഭരണ നടപടികള്‍ ശക്തിപ്പെടുത്തിയതുമാണ് കളക്ടറുടെ മികച്ച നേട്ടത്തിന് അടിസ്ഥാനമായത്. 2025 ല്‍ മാത്രം 6867 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തു. ജില്ലയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന നിരവധി പട്ടയപ്രശ്‌നങ്ങളും പരിഹരിച്ചു. സാങ്കേതിക കാരണങ്ങളാലും റവന്യൂ രേഖകളുടെ അപാകതമൂലവും നിയമപ്രശ്‌നങ്ങള്‍ മൂലവും പട്ടയം നല്‍കാന്‍ കഴിയാതിരുന്ന നിരവധി കേസുകളില്‍ പരിഹാരം കാണാനും സാധിച്ചു.  

50 വര്‍ഷമായി പരിഹരിക്കാതെയിരുന്ന ജില്ലയിലെ ഒളകര ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കും പോത്തുപാറയില്‍ 24 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശരേഖ നല്‍കിയതും ചരിത്ര നേട്ടമായിരുന്നു. 27 വര്‍ഷമായി തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂര്‍ നവജ്യോതി ശാന്തിനഗര്‍ നിവാസികളുടെ പട്ടയം പ്രശ്‌നം, 40 വര്‍ഷമായി ഒല്ലൂക്കര വില്ലേജിലെ പട്ടാളക്കുന്ന് നിവാസികളുടെ പട്ടയ പ്രശ്‌നം, മാടക്കത്തറ, അവണൂര്‍, പാണഞ്ചേരി ഇരുമ്പുപാലം തുടങ്ങി സാങ്കേതിക തടസ്സം മൂലം പട്ടയം അനുവദിക്കാന്‍ കഴിയാതിരുന്ന നിരവധി ആളുകള്‍ക്ക് പട്ടയം നല്‍കാനും കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിനായി. ജില്ലയിലെ അതി ദരിദ്രരായ കുടുംബങ്ങളില്‍ ഭൂരഹിതരായവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി ഭൂമിയില്ലാത്ത 50 കുടുംബങ്ങള്‍ക്കും ഭൂമി കണ്ടെത്തി പട്ടയം നല്‍കുകയും ജില്ലയെ അതിദരിദ്രരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തതും ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു. 

ജില്ലയുമായി ബന്ധപ്പെട്ട പരാതി പരിഹാര പോര്‍ട്ടലില്‍ ലഭിച്ച പരാതികളില്‍ 96 ശതമാനവും പരിഹരിക്കാന്‍ കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍, ആദിവാസി ഉന്നതികളുടെ റവന്യൂ വില്ലേജുകളിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയ നടപടികള്‍ക്കും സംസ്ഥാനതലത്തില്‍ അംഗീകാരം ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍, വിനോദസഞ്ചാര മേഖലയില്‍ എടുത്ത ഇടപെടലുകള്‍, കളക്ടറേറ്റിലെ ജനസൗഹൃദ നവീകരണങ്ങള്‍ എന്നിവയും ജില്ലാഭരണകൂടത്തിന്റെ നേട്ടത്തില്‍ നിര്‍ണായകമായി.

വിവിധ അദാലത്തുകള്‍ വഴി ആയിരങ്ങള്‍ക്കു നീതി ലഭ്യമാക്കി പരാതികള്‍ ഫയലുകളില്‍ കുടുങ്ങാതെ പരിഹാരമായി ജനങ്ങളിലേക്കെത്തി. ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും കളക്ടര്‍ക്കായി. എല്ലാ മാസവും ആദിവാസി ഉന്നതികളില്‍ കളക്ടര്‍ നേരിട്ട് സന്ദര്‍ശനം നടത്തി അവരുടെ വികസനം ഉറപ്പാക്കി. സംസ്ഥാനത്ത് ആദ്യമിയി ജില്ലയിലെ കാക്കിനിക്കാട് ഉന്നതിയെ റവന്യൂ വില്ലേജായി പ്രഖ്യാപിച്ചു. നിരവധി ലാന്‍ഡ് അക്യുസിഷന്‍ പദ്ധതികളും പൂര്‍ത്തീകരിച്ചു. ജില്ലയിലെ വിവിധ താലൂക്കുകള്‍ നിലവില്‍ ഉണ്ടായിരുന്ന പരമാവധി ധീര്‍ഘകാല പട്ടയ പ്രശ്‌നങ്ങള്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനകം പരിഹാരം കാണാന്‍ കഴിഞ്ഞതും കളക്ടറുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ഉദാഹരണമാണ്. 

വനിത ശിശു വികസന വകുപ്പിന്റെ മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരവും ഇലക്ഷന്‍ കമ്മീഷന്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയും പുരസ്‌കാരം ഈ വര്‍ഷം ലഭിച്ചു. കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്തെ മികച്ച കളക്ടറേറ്റിനുള്ള പുരസ്‌കാരം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ തൃശ്ശൂരിന് ലഭിച്ചിരുന്നു.

മറ്റുള്ള സിവില്‍സ്റ്റേഷനുകളില്‍ നിന്നും വ്യത്യസ്ഥമായ തൃശ്ശൂര്‍ കളക്ടറേറ്റിലെ മെഡിക്കല്‍ സെന്റര്‍, പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റിലെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ടോക്കണ്‍ സിസ്റ്റത്തോടുകൂടിയ പുതിയ പി.ജി.ആര്‍ സെന്റര്‍ തുടങ്ങിയതും ജനകീയമായിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളായ കൂടെ, മീറ്റ് ദ കളക്ടര്‍, കനവ്, അയാം യുവര്‍ സാന്റാ, ഗെറ്റ് സെറ്റ് തൃശ്ശൂര്‍, ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍, എക്സ്പ്ലോര്‍ തൃശ്ശൂര്‍, സ്വിം ഫോര്‍ ലൈഫ്, സ്മാര്‍ട്ട് അങ്കണവാടി, വാ വായിക്കാം, പാരന്റ് അപ്പ്, തിരികെ പദ്ധതി, ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം എന്നിവയും മാതൃകാപരമായ പദ്ധതികളായിരുന്നു. തൃശ്ശൂര്‍ പൂരം, സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെ ജില്ലയിലെ പരിപാടികള്‍ മികച്ചരീതിയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരാതിരഹിതമായി നടത്താനായതും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ മികച്ച കളക്ടറായി തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായകമായി. 

 കളക്ടറോടൊപ്പം മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായ ആര്‍.ഡി.ഒ തൃശ്ശൂരിനുള്ള പുരസ്‌ക്കാരം റവന്യു മന്ത്രി കെ. രാജനില്‍ നിന്നും സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ ഏറ്റുവാങ്ങി. മികച്ച ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടറായ പി.എ. വിഭൂഷണന്‍, മികച്ച താലൂക്ക് ഓഫീസായ തൃശ്ശൂര്‍ താലൂക്കിനുള്ള പുരസ്‌ക്കാരം തഹസില്‍ദാര്‍ ടി. ജയശ്രീ, മികച്ച സ്പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്യുസിഷന്‍) ടി.ജി ബിന്ദു, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍മാരായ ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം വില്ലേജിലെ ടി.കെ അനില്‍കുമാര്‍, തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂക്കര-നെട്ടിശ്ശേരി വില്ലേജിലെ എസ്. സാഹിറ ബീവി, കാടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലേജിലെ ടി.ആര്‍ പ്രശാന്ത് എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തിരഞ്ഞെടുത്തത് തൃശ്ശൂര്‍ താലൂക്കിലെ അയ്യന്തോള്‍ വില്ലേജ് ഓഫീസായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0