പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026; അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026; അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും ഹിയറിങ്ങ് പൂർത്തിയായി
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ വിശദാംശങ്ങൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി പങ്കുവയ്ക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്നു. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായ ഹിയറിങ്ങ് പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.
2025 ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ 24,02,432 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ 2002 എസ്.ഐ.ആർ പട്ടികയുമായി മാതാപിതാക്കൾ വഴിയോ ബന്ധിപ്പിക്കാനാകാത്ത 1,95,350 വോട്ടർമാർക്കും 2002 പട്ടികയുമായി ബന്ധിപ്പിച്ചതിൽ പൊരുത്തക്കേട് കണ്ടെത്തിയ 1,62,771 വോട്ടർമാർക്കുമായാണ് ഹിയറിംഗ് സംഘടിപ്പിച്ചിരുന്നത്. വോട്ടർമാരുടെ സൗകര്യാർത്ഥം ജില്ലയിലെ 535 കേന്ദ്രങ്ങളിലായാണ് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ഹിയറിംഗ് നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച് നൽകിയ രേഖകളുമായി ഹാജരായ വോട്ടർമാരുടെ രേഖകൾ പരിശോധിച്ച് ആധികാരികത ഉറപ്പാക്കിയാണ് ഹിയറിംഗ് നടപടികൾ പൂർത്തീകരിച്ചത്. ഹിയറിങ്ങിന് ഹാജരാകാതിരുന്നവർക്ക് വീണ്ടും അവസരം ഒരുക്കിയിരുന്നു.
ആകെ 3,071 വോട്ടർമാരെയാണ് ഹിയറിങ്ങിന് ഒടുവിൽ അന്തിമ പട്ടികയിൽ ഉൾപ്പെടുന്നതിന് യോഗ്യരല്ല എന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 385 പേർ കരട് പട്ടിക പുറത്തിറക്കിയ ശേഷം മരണപ്പെട്ടവരും 110 പേർ മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരും 2,576 പേർ സ്ഥിരമായി സ്ഥലം മാറി പോയവരുമാണ്. ഈ വോട്ടർമാരെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹിയറിങ്ങ് നടപടിയിൽ ആക്ഷേപം ഉളളവർക്ക് ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്. 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ പേര് ചേർക്കുന്നതിനായി ആകെ 74,238 ഫോറം 6, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കുന്നതിനായി ആകെ 16,938 ഫോറം 6എ, പേര് നീക്കുന്നതിനായി 3,832 ഫോറം 7, തിരുത്തലുകളും സ്ഥലമാറ്റത്തിനുമായി 34,599 ഫോറം 8 എന്നീ അപേക്ഷകളുമാണ് ലഭിച്ചത്.
കരട് പട്ടികയിൽ ലഭിച്ച എല്ലാ അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 15ന് തീർപ്പാക്കി. ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 501 പുതിയ ബൂത്തുകൾ രൂപീകരിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള അപേക്ഷകൾ നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അന്തിമ തീയതിയുടെ 10 ദിവസം മുൻപായി വരെ സമർപ്പിക്കാൻ സാധിക്കും. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള അപേക്ഷകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി വരെ നൽകാനാകും. ഈ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കിയതിന് ശേഷം തിരഞ്ഞെടുപ്പിന് മുൻപായി ഒരു സപ്ലിമെന്ററി വോട്ടർ പട്ടിക കൂടെ പ്രസിദ്ധീകരിക്കും.
എസ്.ഐ.ആർ പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോടും യോഗത്തിൽ ജില്ലാ കളക്ടർ നന്ദി അറിയിച്ചു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ സുബ്രമണ്യൻ, പി പി ഉണ്ണിരാജ്, ബാലാജി എം, എം പി ജോബി, കെ വി ദാസൻ, ടി പ്രദീപ്കുമാർ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, കെ ബി ജയറാം, വി സുൽത്താൻ ബാബു, ജിയോ ജോസഫ് എന്നിവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0